ഹ്രുദയം ഒരു വീണയായ്…
I am listless for that moonrise of beauty, which is to light my life,
which I long to see in the fulness of vision in gladness of heart.
-Rabindranath Tagore
ജനുവരികൾ നിരേന്റെതാണ്. മഞ്ഞും തണുപ്പും പുലർച്ചകളെ ആലസ്യങ്ങളിലേക്കു വലിച്ചു മൂടിക്കുമ്പോഴും ബുനിയുടെ ഒരു കപ്പു ചായക്കു നിരേൻ എത്തിയിരുന്നു. പലവിധ സിഗരറ്റു പുക കളുടെ കെട്ടിവരിഞ്ഞ ഫ്ലാറ്റു മുറികളിൽ നിരേൻ പാട്ടിന്റെ പൂമണം പരത്താനായി മാത്രം വിരുന്നു വന്നിരുന്നു. നിരേൻ ഏറെ നേരം പാടാനായി മാത്രം നമ്മൾ അവനിഷ്ടമില്ലാത്ത പുകയില മണങ്ങളെ ഒഴിവാക്കിയിരുന്നു. എല്ലാ ബംഗാളികളേയും പോലെ നഗരങ്ങളിൽ വഴിതെറ്റി വീണ ഒരു കുങ്കുമപ്പൂവ്.
ആദ്യം പഠനത്തിനു പിന്നീട് ഏറെ സ്നേഹിച്ച അധ്യാപകന്റെ ജീവിതത്തിനും നിരേൻ ഈ നഗരത്തെ കടമെടുത്തു. നിരേൻ സന്തോഷമായിരുന്നു, ഒത്തിരിപ്പേരുടെ. വൈകുന്നേരങ്ങളിൽ ചുറ്റും കൂടി നടക്കുന്ന അവന്റെ കുട്ടികളിൽ നിന്നു ഏറെ പണിപ്പെട്ടാണു നമ്മൾ രക്ഷപെട്ടിരുന്നത്. എല്ലാ സംഗീത പരിപാടികൾക്കും നിരേന്റെ പാസ്സ് ആരും മറന്നിരുന്നില്ല.
ബുനിയുടെ എല്ലാ സുഹ്രുത്തുക്കളേയും പോലെ നിരേനു ഈ ലോകത്തിന്റെ ഭാഗമല്ലെന്ന് നമുക്കെപ്പോഴും തോന്നിയിരുന്നു. ഒരു ചെറുപുഞ്ചിരി കാത്തുവച്ച് പാട്ടിന്റെ ഭാണ്ഡവുമായി എന്നു പടി കയറി വന്നിരുന്നു. ടാഗോർ കവിതകളും, ബംഗാളി നാടോടി ഗാനങ്ങളും, പഴയ ഹിന്ദി സിനിമാ പാട്ടുകളും എല്ലാം മറന്നു നിരേൻ പാടിയിരുന്നു. മറ്റെല്ലാവരും പാട്ടുകാർ മാത്രമാകുമ്പോൾ നിരേൻ സ്വയം ഒരു ഗാനമായിരുന്നു. ‘മദ്രാസി കഷ്ടപ്പാടുകളിലും ബംഗാളി സ്വപ്ങ്ങളിലും ജീവിക്കുന്നുവെന്നു‘ കളി പറഞ്ഞിരുന്നു.
നിരേൻ നമ്മളുടെ ജീവിതങ്ങളിലേക്കു കടന്നു വന്നത് ഒരു ജനുവരിയിലായിരുന്നു… കടന്നു പോയതും. ‘ചലോ ഇക് ബാർ ഫിർസേ…’ പാടി പിരിഞ്ഞ ആ വൈകുന്നേരത്തിനു ശേഷം നിരേൻ പിന്നീടൊരിക്കലും പാട്ടിന്റെ മാസ്മരികതയുമായി തിരിച്ചു വന്നില്ല. നഗരത്തിന്റെ തിരക്കിലേക്കു പാഞ്ഞുപോയ ആ വാഹനമോടിച്ചയാൾ നിരേന്റെ കറുത്ത കണ്ണടയും വെളുത്ത വടിയും കണ്ടിട്ടുണ്ടാവില്ല.
നിരേന്ദ്രദാസ് [1977-2003], നിന്റെ പാട്ടുകളുടെ ഓർമ്മകളിൽ ഒരു ജനുവരികൂടി.
If you like my softwares and you find them useful, then consider buying me a Coffee.
Discuss - No Comments