പകർച്ചപ്പനി കഴിഞ്ഞപ്പോൾ
പകർച്ചപ്പനി പേടിച്ച് പരമു പത്തായത്തിലൊളിച്ചു.
പകർച്ചപ്പനി കഴിഞ്ഞു പേമാരി വന്നു.
പിന്നെയും പരമു പത്തായത്തിൽ.
പേമാരി പോയി പേപ്പട്ടികൾ വന്നു,
പിന്നെയും പരമു പത്തായത്തിൽ.
പത്തായത്തിൽ പായമാറി പട്ടുമെത്ത വന്നു.
വസൂരി, വായ്പ്പുണ്ണ്, കോളറ, കുരിപ്പ്, ചെങ്കണ്ണ്, ചാവേറ്,
ഒന്നുമാറിയൊന്ന് പകർന്നു നടന്നു.
പത്തായം മൂത്രം മണത്തു,
കട്ടിലിൽ കൂറകൾ കുത്തിമറിഞ്ഞു.
നാരായണി ചെത്തുകാരൻ ചേക്കുവിന്റെ കുട്ടിയെപ്പെറ്റു,
പത്തായപ്പുരക്കു പുറത്ത് അന്തിക്കള്ള് മണത്തു,
ഉമ്മറത്ത് ചേറ്റുകത്തി തൂങ്ങി.
പത്തായത്തിൽ പരമു, തൂങ്ങിച്ചാകാനിടമില്ലാതെ
പ്രാന്ത് പിടിച്ച് പത്തായത്തിൽ കിടന്നു ചത്തു.
Discuss - No Comments